ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനൊപ്പവും ട്രോഫി നേടാനാകാതെ ഹാരി കെയ്ൻ. താരത്തിന്റെ ബയേണിനൊപ്പമുള്ള അരങ്ങേറ്റമായിരുന്നു. ഇന്ന് നടന്ന ജർമൻ കപ്പ് ഫൈനലിൽ ലെയ്‌പ്‌സിഗിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബയേണിന്റെ തോൽവി.
രണ്ട് ദിവസം മുമ്പ് ബയേൺ മ്യൂണിക്ക് ട്രാൻസ്ഫർ ചരിത്രത്തിലെ ഏറ്റവും തുകയായ 120 മില്യൺ യൂറോ മുടക്കി ഇംഗ്ലീഷ് ക്യപ്റ്റനെ ടീമിൽ എത്തിച്ചിരുന്നു. ഇന്നലെ മെഡിക്കൽ പൂർത്തിയാക്കിയ കെയ്ൻ ഇന്ന് ഫൈനലിൽ ടീമിനൊപ്പം ചേർന്നു.
തുടക്കക്കാരനായ കെയ്നിന് ആദ്യ പതിനൊന്നിൽ ഇടം ലഭിച്ചിരുന്നില്ല. 64-ആം മിനിറ്റിൽ മാത്തുയ്‌സ് ടെലിന് പകരമായാണ് താരം ഇറങ്ങിയത്. ഹാരി കെയ്ൻ ഇറങ്ങുമ്പോഴേ ടീം 2-0 ന് പിറകിലായിരുന്നു. ശേഷം 68-ആം മിനിറ്റിൽ കിട്ടിയ പെനാൽറ്റിയിലൂടെ ലെയ്‌പ്‌സിഗ് വീണ്ടും ലീഡ് ഉയർത്തി. ആദ്യമായാണ് ലെയ്‌പ്‌സിഗ് ജർമൻ സൂപ്പർ കപ്പ് ചാമ്പ്യൻമാരാകുന്നത്.
ടോട്ടൻഹാമിനൊപ്പം ട്രോഫി ഒന്നുമില്ലാതിരുന്ന താരം ബയേണിനൊപ്പം ജർമൻ സൂപ്പർ കപ്പ് നേടി ശാപം തീർക്കുമെന്നാണ് ഫുട്ബോൾ പ്രേമികൾ പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ, ഹാരി കെയ്ൻ ട്രോഫി ഉയർത്തുന്നത് കാണാൻ ഇനിയും കാത്തിരിക്കേണ്ടി വരും.