തന്റെ ആദ്യ AFC ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കാൻ ഒരുങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ. ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് മത്സരത്തിനാണ് റൊണാൾഡോയും കൂട്ടരും തയ്യാറെടുക്കുന്നത്. ഓഗസ്റ്റ് 22 ചൊവ്വാഴ്ച നടക്കുന്ന 2023-24-ലെ പ്ലേ ഓഫ് മത്സരത്തിൽ അൽ-നാസർ ഷബാബ് അൽ-അഹ്‌ലിയെ നേരിടും. റിയാദിലെ കെഎസ്‌യു സ്റ്റേഡിയത്തിലാണ് മത്സരം.
എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2023-24 പ്ലേ ഓഫിൽ ചൊവ്വാഴ്ച രാത്രി റിയാദിലെ കെഎസ്‌യു സ്റ്റേഡിയത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നാസർ യുഎഇ ടീമായ ഷബാബ് അൽ-അഹ്‌ലിയെ നേരിടുന്നത്. ചാമ്പ്യൻസ് ലീഗിന്റെ 1995 എഡിഷനിൽ റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്ത അൽ-നാസർ, ഈ വർഷത്തെ ചാമ്പ്യൻസ് ലീഗിൽ താലിസ്ക, സാഡിയോ മാനെ, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങി ശക്തമായ ടീമുമായാണ് ഇറങ്ങുന്നത്.
2021-2022 സീസണിൽ സൗദി പ്രോ ലീഗിൽ മൂന്നാം സ്ഥാനത്തെത്തിയതിനാൽ അൽ-നാസറിന് ഗ്രൂപ്പ് ഘട്ടങ്ങൾ നഷ്ടമായിരുന്നു. എന്നാൽ ഇത്തവണ, അൽ-നാസർ തികച്ചും വ്യത്യസ്തമായി തന്നെയാണ് ഇറങ്ങുന്നത്. ക്രിസ്റ്റ്യാനോ ഉൾപ്പടെ മികച്ച താരനിര ഉണ്ടെന്നുള്ളത് തന്നെയാണ് പ്രധാന കാരണം. അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് ചാമ്പ്യന്മാരായ അൽ നാസർ അതിന് ശേഷം നടന്ന രണ്ട് ലീഗ് മത്സരങ്ങളിലും പരാജയപ്പെട്ടിട്ടുണ്ട്.
മറുവശത്ത് ക്രിസ്റ്റ്യാനോയുടെ അൽ നാസർ നേരിടേണ്ടി വരുന്നത് നിലവിലെ ലീഗ് കിരീടമടക്കം എട്ട് തവണ ലീഗ് ചാമ്പ്യന്മാരായ യുഎഇ ടീം ഷബാബ് അൽ-അഹ്‌ലിയെയാണ്. ഏറ്റവും കൂടുതൽ യുഎഇ പ്രോ ലീഗ് കിരീടം നേടിയ രണ്ടാമത്തെ ടീമാണ് ഷബാബ് അൽ-അഹ്‌ലി. കൂടാതെ, 10 യുഎഇ കപ്പുകളും അഞ്ച് യുഎഇ സൂപ്പർകപ്പും നേടിയിട്ടുണ്ട്.
ഏപ്രിലിൽ അൽ-ഐൻ എഫ്‌സിക്കെതിരായ യുഎഇ പ്രസിഡന്റ്സ് കപ്പിലെ ക്വാർട്ടർ ഫൈനൽ തോൽവിക്ക് ശേഷം ദുബായ് ആസ്ഥാനമായുള്ള ഷബാബ് അൽ-അഹ്‌ലി 10 മത്സരങ്ങളുടെ തോൽവിയറിയാതെ മുന്നേറുകയാണ്. സൗദി അറേബ്യൻ വമ്പന്മാരും യുഎഇ വമ്പന്മാരും തമ്മിലുള്ള മികച്ച പോരാട്ടമായിരിക്കും അൽ നാസറിനെതിരായ പോരാട്ടം. ആദ്യമായാണ് ഇരു ക്ലബ്ബുകളും നേർക്ക് വരുന്നത്.
എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2023-24 ലെ അൽ-നാസർ vs ഷബാബ് അൽ-അഹ്‌ലി പ്ലേ ഓഫ് മത്സരം എപ്പോൾ, എവിടെയാണ് നടക്കുക?
AFC ചാമ്പ്യൻസ് ലീഗ് 2023-24 ലെ അൽ-നാസറും ഷബാബ് അൽ-അഹ്‌ലിയും തമ്മിലുള്ള പ്ലേ-ഓഫ് മത്സരം ഓഗസ്റ്റ് 22 ചൊവ്വാഴ്ച രാത്രി 10:50 IST ന് റിയാദിലെ KSU സ്റ്റേഡിയത്തിൽ നടക്കും.
അൽ-നാസർ vs ഷബാബ് അൽ-അഹ്ലി മത്സരം എങ്ങനെ കാണാം?
AFC ചാമ്പ്യൻസ് ലീഗ് 2023-24 അൽ-നാസറും ഷബാബ് അൽ-അഹ്‌ലിയും തമ്മിലുള്ള പ്ലേ-ഓഫ് മത്സരം ഇന്ത്യയിൽ SONY TEN 2 ടിവി ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. തത്സമയ സ്ട്രീമിങ് JioTVയിലും, Sony LIVലും ലഭ്യമാകും.