തന്റെ പോരാട്ട വീര്യം ഒട്ടും ചോർന്നിട്ടില്ല എന്ന് വീണ്ടും തെളിയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾ തിരിച്ചടിച്ചായിരുന്നു അൽ ഹിലാലിനെതിരെ അൽ നാസറിന്റെ വിജയം. ആവേശോജ്വലമായ മത്സരത്തിൽ റൊണാൾഡോയാണ് അൽ നാസറിന് വേണ്ടി രണ്ട് ഗോളും നേടിയത്.
റൊണാൾഡോ, മാനേ, ടെലിസ്‌കാ തുടങ്ങി മികച്ച നിരയുമായി ഇറങ്ങിയ അൽ നാസർ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിക്കാൻ തുടങ്ങിയിരുന്നു. ആദ്യ പകുതി ഇരു ടീമുകൾക്കും ഗോളൊന്നും കണ്ടെത്താനായില്ല.
രണ്ടാം പകുതിയിൽ അൽ ഹിലാലിന്റെ ആധിപത്യമായിരുന്നു തുടക്കം മുതൽ. 51 -ആം മിനിറ്റിൽ അൽ ഹിലാലാണ് ആദ്യം സ്കോർ ചെയ്തത്. 71-ആം മിനിറ്റിൽ അൽ ഹിലാൽ ഗോളിന് ശ്രമിക്കവേ ഫൗൾ ചെയ്തതിന് അൽ നാസറിന്റെ അബ്ദുല്ല അൽ അമീരി ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ അൽ നാസർ പത്ത് പേരായി ചുരുങ്ങുകയായിരുന്നു.
ശേഷം, സമ്മർദ്ദത്തിലായ അൽ നാസർ ഏഴ് മിനിട്ടുകൾക്ക് ശേഷം റൊണാൾഡോയിലൂടെ തിരിച്ചടിക്കുകയായിരുന്നു. 10 പേരുമായി ചുരുങ്ങിയിട്ടും റൊണാൾഡോയും സംഘവും മികച്ച പ്രകടനമായിരുന്നു കാഴ്ച വച്ചിരുന്നത്.
നിശ്ചിത സമയത്തിന് ശേഷം 98-ആം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ രണ്ടാം ഗോൾ. മത്സരത്തിൽ അൽ ഹിലാൽ പരമാവധി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല.
ആദ്യമായാണ് അൽ നാസർ അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് ചാമ്പ്യന്മാരാകുന്നത്. ഇന്നത്തെ രണ്ട് ഗോളടക്കം ഏഴ് ഗോളുമായി റൊണാൾഡോയാണ് ചാമ്പ്യൻഷിപ്പിലെ മികച്ച ഗോൾ സ്‌കോറർ.