മുൻ റയൽ മാഡ്രിഡ് ഡിഫൻഡർ മാഴ്സെലോയ്ക്ക് CONMEBOL വിലക്ക്. ടാക്ലിങ്ങിനിടെ അർജന്റീനിയൻ ഡിഫൻഡറെ കാലൊടിഞ്ഞ സംഭവത്തെ തുടർന്നാണ് വിലക്ക്. അപ്രതീക്ഷിതമായ ഈ സംഭവത്തിൽ മാഴ്സെലോ പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു കളം വിട്ടത്. മനഃപൂർവമല്ലാത്ത സംഭവം നിരവധി വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. പിന്നാലെ, കാലിന് മാരകമായ പരുക്ക് പറ്റിയ ലൂസിയാനോ സാഞ്ചസിന് മാഴ്‌സെലോ ഭാവി ആശംസകളും നേർന്നു.
സംഭവം നടന്ന് 10 ദിവസങ്ങൾക്ക് ശേഷം, ഇപ്പോൾ സൗത്ത് അമേരിക്കൻ ഫുട്ബോൾ അസോസിയേഷനായ CONMEBOL മാർസെലോയെ 3 മത്സരങ്ങളിൽ നിന്ന് വിലക്കിയിരിക്കുകയാണ്. മത്സര വിലക്ക് കൂടാതെ മുൻ ബ്രസീൽ താരത്തിന് 6000 യൂറോ പിഴയും ലഭിക്കും.
ലാറ്റിനമേരിക്കൻ ക്ലബ് ഫുട്‌ബോൾ ലീഗായ കോപ്പ ലിബർട്ടഡോഴ്‌സിൽ കഴിഞ്ഞയാഴ്ചയായിരുന്നു ഈ ദാരുണ സംഭവം. അർജന്റീനയിലെ ബ്യൂണസ് ഐറിസിലെ ഡീഗോ മഗഡോണ സ്റ്റേഡിയത്തിൽ ബ്രസീലിന്റെ ഫ്ലുമിനെൻസും അർജന്റീനയുടെ അർജന്റീനോസ് ജൂനിയേഴ്സും തമ്മിലായിരുന്നു മത്സരം. മാഴ്സെലോ ബ്രസീലിയൻ ക്ലബിനായി കളിക്കുകയായിരുന്നു. പന്ത് കട്ട് ചെയ്യാൻ ശ്രമിക്കുമ്പോളായിരുന്നു സംഭവം.
സാഞ്ചസിന്റെ പരിക്ക് വളരെ ഗൗരവമുള്ളതാണെന്ന് അർജന്റീനിയൻ ജൂനിയേഴ്സിന്റെ ഡോക്ടർ അലജാൻഡ്രോ റോങ്കോണി കാൽഡിസ്‌പോർട്‌സ് റേഡിയോയോട് പറഞ്ഞു. “ഡോക്ടറെന്ന നിലയിലുള്ള എന്റെ 23 വർഷത്തെ അനുഭവത്തിൽ, ഞാൻ ഇതുപോലൊന്ന് കണ്ടിട്ടില്ല. തുടയെല്ലും ഫൈബുലയും ഏതാണ്ട് അറ്റുപോയിരിക്കുന്നു.’
കാലിലെ രണ്ട് എല്ലുകളും യോജിപ്പിക്കാൻ സാഞ്ചസിന് നിരവധി ശസ്ത്രക്രിയകൾ നടത്തേണ്ടിവരുമെന്നും സുഖം പ്രാപിക്കാൻ 10 മുതൽ 12 മാസം വരെ എടുക്കുമെന്നും റാങ്കോണി പറഞ്ഞു.