ബുധനാഴ്ച നടന്ന രണ്ടാം പാദ മത്സരത്തിൽ സൗദി ക്ലബ്ബായ അൽ-ഫയ്ഹയെ 2-0 ന് തോൽപ്പിച്ച് അൽ നാസർ AFC ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഇരു പാദങ്ങളിലായി 3-0-ന് ആയിരുന്നു സൗദി ക്ലബ്ബ് അൽ-നസ്റിന്റെ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പ്രവേശനം.

കഴിഞ്ഞ ആഴ്ച നടന്ന ഒന്നാം പാദ മത്സരത്തിൽ റൊണാൾഡോയുടെ ഗോളിന്റെ സഹായത്തോടെ 1-0 ന് ജയിച്ച നാസർ, അൽ അവ്വൽ പാർക്കിൽ നടന്ന രണ്ടാം പാദ മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവച്ചു. മത്സരത്തിന്റെ 17-ാം മിനിറ്റിൽ അൽ ഖൈബരിയുടെ മികച്ച പാസിൽ പോർച്ചുഗീസ് താരം ഒട്ടാവിയോ ആണ് അൽ നാസറിന് വേണ്ടി ആദ്യ ഗോൾ കണ്ടെത്തിയത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ അൽ നസ്റിലെത്തിയ ഒട്ടാവിയോ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.

എന്നാൽ, റൊണാൾഡോയ്ക്ക് വ്യക്തിപരമായി നിരാശപ്പെടുത്തുന്ന ഒരു മത്സരമായിരുന്നു. പല തവണ പെനാൽറ്റി അപ്പീലുകൾ തള്ളപ്പെടുകയും രണ്ടാം പകുതിയുടെ തുടക്കത്തിൽ ഓഫ്സൈഡ് കാരണം ഗോൾ നിരസിക്കപ്പെടുകയും ചെയ്തു.

മത്സരത്തിന്റെ പകുതിയോടെയെത്തിയ മഞ്ഞക്കാർഡും റൊണാൾഡോയുടെ നിരാശ വർദ്ധിപ്പിച്ചു. എന്നാൽ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ റൊണാൾഡോ തിളങ്ങി. മാർസെലോ ബ്രൊസോവിച്ചിന്റെ പാസിൽ ഫയ്ഹ ഗോൾകീപ്പർ വ്‌ളാഡിമിർ സ്റ്റോജ്‌കോവിച്ചിന്റെ പിഴവ് മുതലെടുത്ത റൊണാൾഡോ ഈ വർഷത്തെ മൂന്നാമത്തെ ഗോൾ കണ്ടെത്തി.

കഴിഞ്ഞ മാസം 39-ാം വയസ്സ് പൂർത്തിയാക്കിയ റൊണാൾഡോ കഴിഞ്ഞ ഒമ്പത് മത്സരങ്ങളിൽ പത്താം ഗോൾ നേടി. യുവേഫ ചാമ്പ്യൻസ് ലീഗിൽ അഞ്ച് തവണ കിരീടം നേടിയ താരം ഇതാദ്യമായാണ് ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ മത്സരിക്കുന്നത്.

പടിഞ്ഞേഷ്യൻ രാജ്യങ്ങളിലെ മറ്റൊരു മത്സരത്തിൽ 2003 ലെ ചാമ്പ്യൻമാരായ അൽ-ഐൻ, ഉസ്ബെക്കിസ്ഥാൻ ക്ലബ്ബായ നസഫ് കാർഷിയെ എതിരില്ലാതെ 2-1 ന് തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.

അടുത്ത മാസം നടക്കുന്നAFC ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ അൽ-ഐനും അൽ നാസറും തമ്മിൽ ഏറ്റുമുട്ടും. കഴിഞ്ഞ രണ്ട് ചാമ്പ്യൻസ് ലീഗ് സീസണുകളിലും സെമി ഫൈനലിലെത്തിയ നസ്ർ, ഈ വട്ടവും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കാം.

Shares: