പ്രീമിയർ ലീഗ് ടോപ് സ്‌കോറർ, ചാമ്പ്യൻസ് ലീഗ് ടോപ് സ്‌കോറർ ഇതൊക്കെയാണ് മാഞ്ചെസ്റ്റർ സിറ്റി സ്ട്രൈക്കെർ ഏർലിങ് ഹാലൻഡിന്റെ കഴിഞ്ഞ സീസണിലെ നേട്ടങ്ങൾ. പക്ഷെ, ഇതൊക്കെയായിട്ടും ഫൈനലുകൾ എത്തുമ്പോൾ ഗോൾ അടിക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ് ഹാലൻഡ്. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ യുവേഫ സൂപ്പർ കപ്പിലും ഇതേ കാര്യം തന്നെ.
കഴിഞ്ഞ വർഷമായിരുന്നു ജർമൻ വമ്പന്മാരായ ഡോർട്മുണ്ടിൽ നിന്നും ഇംഗ്ലീഷ് ടീമായ മാഞ്ചെസ്റ്റർ സിറ്റിയിലേക്ക് ഹാലാൻഡ് എത്തുന്നത്. താരത്തെ ടീമിലെത്തിക്കാൻ പ്രധാന കാരണവും ഈ ഗോളടി തന്നെയാണ്. 89 മത്സരങ്ങളിൽ നിന്നായി 86 ഗോളുകളാണ് ഹാലാൻഡ് ഡോർട്മുണ്ടിനായ് നേടിയത്. അതിന് മുമ്പ് സാൽസ്‌ബർഗിനായി കളിച്ച താരം അവിടെയും ഗോളടിയുടെ കാര്യത്തിൽ ഒരു കുറവും വരുത്തിയില്ല. 29 മത്സരങ്ങളിൽ നിന്നായി 27 ഗോളുകളാണ് സാൽസ്‌ബർഗിനായി നേടിയത്.
എന്നാൽ, ലോകത്തിലെ നമ്പർ വൺ ഫുട്ബോൾ ലീഗായ പ്രീമിയർ ലീഗിൽ എത്തിയ ഹാലാൻഡ് ഇവിടെ ഗോളടിക്കാൻ കഷ്ടപ്പെടുമെന്നാണ് കരുതിയിരുന്നത്. എന്നാൽ കാര്യങ്ങൾ നേരെ തിരിച്ചായിരുന്നു. വന്ന ആദ്യ സീസണിൽ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ടും ചാമ്പ്യൻസ് ലീഗ് ഗോൾഡൻ ബൂട്ടുമാണ് താരം മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം നേടിയത്. 55 മത്സരങ്ങളിൽ നിന്നായി 54 ഗോളുകളാണ് ആദ്യ സീസണിൽ ഹാളണ്ട് നേടിയത്. അതിൽ 12 ചാമ്പ്യൻസ് ലീഗ് ഗോളുകളും ഉൾപ്പെടും.
Read More: യൂറോപ്പിലെ രാജാക്കന്മാർ സിറ്റി തന്നെ!! യുവേഫ സൂപ്പർ കപ്പ് മാഞ്ചസ്റ്റർ സിറ്റിക്ക്
ഇത്രയൊക്കെയായിട്ടും ഫൈനൽ കണ്ടാൽ ഹാളണ്ട് പതറുന്ന കാഴചയാണ് കാണുന്നത്. അവസാനത്തെ ആറ് ഫൈനലുകളിലാണ് താരത്തിന് ഒരു ഗോൾ അല്ലെങ്കിൽ അസിസ്റ്റ് പോലും നേടാൻ കഴിയാതെ വന്നത്.
സെവിയ്യക്കെതിരെ UEFA സൂപ്പർ കപ്പ്, മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ FA കപ്പ്, ആഴ്സനൽ, ലിവർപൂൾ എന്നീ ടീമുകൾക്കെതിരെയുള്ള കമ്മ്യൂണിറ്റി ഷീൽഡ് എന്നീ ഫൈനലുകളാണ് ഹാളണ്ട് മാഞ്ചെസ്റ്റർ സിറ്റിക്കൊപ്പം കളിച്ചിട്ടുള്ളത്. ഇതിൽ ചാമ്പ്യൻസ് ലീഗും, യുവേഫ സൂപ്പർ കപ്പ് ഫൈനലിലും സിറ്റി ജയിച്ചിരുന്നു.
കൂടാതെ ഡോർട്മുണ്ടിനൊപ്പം ബയേണിനെതിരെ ജർമൻ സൂപ്പർ കപ്പ് ഫൈനലും ഈ നോർവീജിയൻ താരം കളിച്ചിട്ടുണ്ട്. മത്സരത്തിൽ ഡോർട്മുണ്ട് 3-1-ന് പരാജയപ്പെട്ടിരുന്നു. ഈ ഫൈനലുകളിൽ ഒക്കെയാണ് താരത്തിന് ഗോൾ നേടാൻ കഴിയാതെ വന്നത്.
ഫൈനലുകൾ മാറ്റി നിർത്തിയാൽ ബാക്കിയുള്ള കളികളിൽ ഹാലൻഡ് മികച്ച പ്രകടനമാണ് പുറത്തടുക്കുന്നത്. ഈ പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ഹാലൻഡ് രണ്ട് ഗോൾ അടിച്ചിരുന്നു. വരുന്ന മത്സരങ്ങളിലും ഹാലൻഡ് ഇതേ പ്രകടനം തന്നെ പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.