യൂറോപ്പിലെ ചാമ്പ്യന്മാരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ഫൈനലിൽ സ്പാനിഷ് ടീമും നിലവിലെ യുവേഫ യൂറോപ്പ ചാമ്പ്യന്മാരുമായിട്ടുള്ള സെവിയ്യയെ ആണ് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ സിറ്റി തോൽപ്പിച്ചത്. പെനാൽറ്റിയിലായിരുന്നു സിറ്റിയുടെ വിജയം. ആദ്യമായാണ് ഒരു ഇംഗ്ലീഷ് ടീം ട്രെബിളിന് പിന്നാലെ സൂപ്പർ കപ്പും നേടുന്നത്.

നിശ്ചിത സമയത്തിനുള്ളിൽ 1-1 ആയ മത്സരത്തിൽ പെനാൽറ്റിയിലൂടെ ചാമ്പ്യന്മാരെ കണ്ടെത്തുകയായിരുന്നു. പെനാൽറ്റിയിൽ 5-4 എന്ന സ്‌കോറിൽ ആണ് സിറ്റി വിജയിച്ചത്.

ആദ്യ പകുതിയിൽ യൂസഫ് എൽ നെസിരിയുടെ മികച്ച ഹെഡ്ഡറിലൂടെ സെവില്ല മുന്നിട്ടു നിന്നു. പിന്നീട് ഗോൾ എന്ന് തോന്നിപ്പിക്കുന്ന മികച്ച അവസരങ്ങൾ സെവിയ്യയ്ക്ക് ലഭിച്ചെങ്കിലും മാൻ സിറ്റി ഗോൾ കീപ്പർ എഡേഴ്‌സൻ തടുക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ ആയിരുന്നു സിറ്റിയുടെ സമനില ഗോൾ. റോഡ്രിയുടെ പാസിൽ ഇംഗ്ലീഷ് സ്ട്രൈക്കെർ കോൾ പാമറാണ് സ്‌കോർ ചെയ്തത്. ഇതോടെ സമനിലയിലായ മത്സരം പെനൽറ്റിയിലേക്ക് പോയി.

manchester city won uefa super cup

പെനാൽറ്റിയിൽ, 5-4 എന്ന നിലയിൽ നിൽക്കവേ അവസാന കിക്ക് എടുക്കാൻ വന്ന സെവിയ്യയുടെ സെന്റർ ബാക്ക് ആയ നേമാഞ്ച ഗുഡൽജിന്റെ കിക്ക് ബാറിൽ തട്ടുകയായിരുന്നു. ഇതോടെയാണ് സിറ്റിയുടെ വിജയം.

ആദ്യമായാണ് മാഞ്ചസ്റ്റർ സിറ്റി യുവേഫ സൂപ്പർ കപ്പ് ചാമ്പ്യന്മാരാകുന്നത്. കൂടാതെ, മൂന്ന് വിത്യസ്ത ടീമുകൾക്കൊപ്പം സൂപ്പർ കപ്പ് നേടി റിയൽ മാഡ്രിഡ് കോച്ച് ആഞ്ചെലോട്ടിക്ക് ഒപ്പമെത്തിയിരിക്കുകയാണ് ഗ്വാർഡിയോള.

Shares: