പുതിയ ക്ലബ്ബിലെ തന്റെ ആദ്യ ലീഗ് മത്സരത്തിൽ ഹാട്രിക്ക് അടിച്ച് മുൻ ലിവർപൂൾ താരം ഫിർമിനോ. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഹസമിനെ അൽ അഹ്ലി പരാജയപ്പെടുത്തിയത്.
പ്രൊമോട്ടഡ് ടീമായി വന്ന അഹ്ലി മികച്ച താരനിരയുമായാണ് മത്സരത്തിനിറങ്ങിയത്. ഫർമിനോ, മുൻ സിറ്റി താരം മഹ്റസ്, മാക്സിമിൻ, കെസ്സി, മെൻഡി, ഇബാനസ് എന്നിവരെല്ലാം ആദ്യ ഇലവനിൽ ഉണ്ടായിരുന്നു.
ആദ്യ പത്തു മിനുട്ടിനുള്ളിൽ തന്നെ ഫർമിനോ അൽ അഹ്ലിയെ രണ്ടു ഗോളിന് മുന്നിൽ എത്തിച്ചു. ആറാം മിനുട്ടിൽ ഹെഡറിലൂടെ ആയിരുന്നു ബ്രസീലിയൻ താരത്തിന്റെ ആദ്യ ഗോൾ. നാലു മിനുട്ടിനുള്ളിൽ ഒരു ടാപിന്നിലൂടെ ഫർമിനോ വീണ്ടും വല കുലുക്കി.
രണ്ടാം പകുതി 50-ആം മിനിറ്റിൽ അൽ ഹസം ഒരു ഗോൾ തിരിച്ചടിച്ചു. ശേഷം, 72-ആം മിനിറ്റിലാണ് ഫിർമിനോ ലീഗിലെ തന്റെ ആദ്യ ഹാട്രിക്ക് തികച്ചത്. ഇതോടെ അഹ്ലിയെ 3-1 എന്ന സ്‌കോറിൽ എത്തി. മത്സരത്തിൽ മുൻ സിറ്റി താരം മഹ്‌റെസ് ഒരു അസിസ്റ്റും നേടി. ആഗസ്റ്റ് 17 അൽ ഖലീജിനെതിരെയാണ് അൽ അഹ്‌ലിയിലെ അടുത്ത മത്സരം.